കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് ജോയിന്റ് അക്കൗണ്ടുകളിലൂടെ ആകെ 5.38 കോടി രൂപ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിൽ തുറന്ന അക്കൗണ്ടുകളിലാണ് ഈ തുക സമാഹരിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ സമാഹരിച്ച് നൽകിയതായും അറിയിച്ചു. എന്നാൽ ഭൂമി വാങ്ങാൻ ഇതിനേക്കാൾ കൂടുതൽ ചെലവായതിനാൽ ഇനി വീടുകൾ നിർമിക്കാൻ പാർട്ടി ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇനി ഫണ്ട് ശേഖരണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 3 ഏക്കർ 24.5 സെന്റ് ഭൂമി വാങ്ങാൻ 3.68 കോടി രൂപ ചെലവായി. രണ്ടാം ഘട്ടത്തിൽ 2 ഏക്കർ 18 സെന്റ് ഭൂമിക്ക് 2.50 കോടി രൂപ ചെലവഴിച്ചു. കൂടാതെ കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97.51 ലക്ഷം രൂപയും വിനിയോഗിച്ചു. രജിസ്ട്രേഷൻ നടപടികൾക്ക് ഇനി ഏകദേശം 73.9 ലക്ഷം രൂപ കൂടി ആവശ്യമാണെന്നും അറിയിച്ചു. ഇതിനിടെ, കോൺഗ്രസിന്റെ കണക്കുകൾ വിശ്വസിക്കാനാകില്ലെന്ന് സിപിഎം നേതാവ് എം. സ്വരാജ് ആരോപിച്ചു. വീടുകൾ നിർമിക്കാൻ പണം എവിടെയെന്ന് അദ്ദേഹം ചോദിച്ചു.
വയനാട് പുനരധിവാസ ഫണ്ടിനെക്കുറിച്ച് നേരത്തെ സിപിഎം- ഡിവൈഎഫ്‌ഐ നേതാക്കൾ ചോദ്യം ഉയർത്തിയിരുന്നു. നൂറോളം വീടുകൾ നിർമിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്ന പദ്ധതി രാഹുൽ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.




