ഖമ്മം: തെലങ്കാനയിലെ പ്രമുഖ സിപിഐ എം നേതാവും സംസ്ഥാന റൈതു സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായ സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടാസംഘം കൊലപ്പെടുത്തി. ഖമ്മം ജില്ലയിലെ മധിര നിയോജക മണ്ഡലത്തിലെ ചിന്തകാനി പ്രദേശത്തുള്ള പട്ടർലപ്പാട് ഗ്രാമത്തിലാണ് സംഭവം.
30 വർഷത്തിലേറെ പട്ടർലപ്പാട് ഗ്രാമത്തിലെ സർപഞ്ച് സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന രാമറാവുവിനെ അക്രമികൾ കത്തി ഉപയോഗിച്ച് കുത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് പൊലീസ് കമ്മീഷണർ സുനിൽ ദത്തിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവുകൾ ശേഖരിച്ചു. പ്രതികളായ മൂന്ന് പേർക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഐ എം ആരോപിച്ചു. കോൺഗ്രസുമായി ബന്ധപ്പെട്ട ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയതെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.




