പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. വിവിധ കക്ഷി നേതാക്കള്‍ ചേര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പത്രിക പുറത്തിറക്കിയത്.
കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രിയും എച്ച്എഎം(എസ്) നേതാവുമായ ജിതന്‍ റാം മാഞ്ചി, ആര്‍എല്‍എം നേതാവ് ഉപേന്ദ്ര കുശ്വാഹ, കേന്ദ്ര മന്ത്രിയും എല്‍ജെപി (റാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാന്‍, മറ്റ് സഖ്യകക്ഷി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പട്നയില്‍ വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം നവംബര്‍ 14-ന് പ്രഖ്യാപിക്കും.
പ്രധാന വാഗ്ദാനങ്ങൾ
- ഒരു കോടിയിലധികം സര്‍ക്കാര്‍ ജോലികളും നിരവധി തൊഴിൽ അവസരങ്ങളും നൽകും
- നൈപുണ്യ അധിഷ്ഠിത തൊഴില്‍ നല്‍കുന്നതിനായി സ്‌കില്‍സ് സെന്‍സസ്
- എല്ലാ ജില്ലകളിലും മെഗാ സ്‌കില്‍ സെന്ററുകള്‍
- സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം
- ഒരു കോടി സ്ത്രീകളെ ലക്പതി ദീദിമാരാക്കും
- പട്‌നയ്ക്ക് പുറമെ ബീഹാറിലെ 4 നഗരങ്ങളില്‍ കൂടി മെട്രോ ട്രെയിന്‍ സര്‍വീസ്
- പത്ത് പുതിയ വ്യവസായ പാര്‍ക്കുകള്‍
- അതിപിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിവിധ തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കും
- കര്‍പ്പൂരി ഠാക്കൂര്‍ കിസാന്‍ സമ്മാന്‍ നിധി’ക്ക് കീഴില്‍, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 3,000 രൂപയുടെ അധിക ആനുകൂല്യം.
- 5 വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും


