തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായി. 22 സിറ്റിങ് സീറ്റുകളുമായി മത്സരിച്ച യു.ഡി.എഫ് 19 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. 15 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി 18 സീറ്റുകളിലെത്തി. ഒരു സീറ്റ് ട്വന്റി20യും നേടി.
യു.ഡി.എഫ് വിജയിച്ച പല സീറ്റുകളിലും ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി. പ്രധാനപ്പെട്ട ചില സിറ്റിങ് സീറ്റുകൾ നഷ്ടമായതും മുന്നണിക്ക് തിരിച്ചടിയായി. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നിയമസഭാ മണ്ഡല പരിധിയിലെ ഫലമാണ് ഇതിൽ ശ്രദ്ധേയം. മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനും എൽ.ഡി.എഫ് പിടിച്ചെടുത്തു. മുണ്ടയ്ക്കൽ വാർഡിൽ 139 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽ.ഡി.എഫ് വിജയം. ഇതോടെ മംഗലപുരം പഞ്ചായത്തിൽ എൽ.ഡി.എഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു.
പാലക്കാട് യു.ഡി.എഫിന് തിരിച്ചടി
പാലക്കാട് ജില്ലയിലും യു.ഡി.എഫിന് തിരിച്ചടിയുണ്ടായി. ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡ് സുമേഷ് അച്യുതൻ എം.എൽ.എയായതിനെ തുടർന്ന് ഒഴിവുവന്നതാണ്. ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം എത്തിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് വിജയിച്ചത്. ആലത്തൂരിലും എൽ.ഡി.എഫ് വിജയിച്ചു. അതേസമയം ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ രാഗം കോർണർ വാർഡ് 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചെടുത്തു.
തഹ്‌ലിയ, ഉഷ വിജയൻ ഒഴിഞ്ഞ സീറ്റുകളിൽ ഭൂരിപക്ഷം കുറഞ്ഞു
ഫാത്തിമ തഹ്‌ലിയയും ഉഷ വിജയനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റുകൾ യു.ഡി.എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ യു.ഡി.എഫ് വിജയിച്ചെങ്കിലും കഴിഞ്ഞ തവണ ഉഷ വിജയൻ നേടിയ 1,055 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 331 ആയി കുറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ മുസ്‌ലിം ലീഗിലെ ഫർസീന അറക്കൽ 436 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻപ് ഫാത്തിമ തഹ്‌ലിയ നേടിയ 2,273 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാൾ ഗണ്യമായ കുറവാണിത്. അതേസമയം കോഴിക്കോട് മുട്ടം പഞ്ചായത്ത് ഒമ്പതാം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
തൃശൂരിലും പത്തനംതിട്ടയിലും യു.ഡി.എഫ് നേട്ടം
തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യു.ഡി.എഫ് മികച്ച പ്രകടനം നടത്തി. തൃശൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ മൂന്ന് സീറ്റുകൾ യു.ഡി.എഫ് നേടി. ചേലക്കര കുറുമല വാർഡ് 73 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷമായി. ചാലക്കുടി നഗരസഭയിലെ 24-ാം വാർഡും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷനും യു.ഡി.എഫ് നിലനിർത്തി.
പത്തനംതിട്ടയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു. കുറ്റൂർ ഓതറ, കുന്നന്താനം വള്ളോക്കുന്ന്, റാന്നി ബ്ലോക്ക്പടി, അരുവാപ്പുലം കല്ലേലി വാർഡുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. കുന്നന്താനം വാർഡ് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചു.
എറണാകുളത്ത് സീറ്റുകൾ നിലനിർത്തി
എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും സിറ്റിങ് മുന്നണികൾ സീറ്റുകൾ നിലനിർത്തി. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് ഡിവിഷനും വടക്കേക്കര പഞ്ചായത്തിലെ ഒൻപതാം വാർഡും യു.ഡി.എഫ് നിലനിർത്തിയപ്പോൾ പാറക്കടവ് പുളിയനം വാർഡിൽ എൽ.ഡി.എഫ് വിജയിച്ചു. പൂത്തൃക്കയിൽ ട്വന്റി20 വിജയിച്ചതോടെ പഞ്ചായത്തിലെ കോൺഗ്രസ്-ട്വന്റി20 അംഗബലം തുല്യമായി.
മലപ്പുറം ജില്ലയിൽ വേങ്ങര, താനാളൂർ വാർഡുകൾ യു.ഡി.എഫും മങ്കട, കാലടി വാർഡുകൾ എൽ.ഡി.എഫും നിലനിർത്തി. കാലടി 12-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.
കോട്ടയം പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സി.പി.എം പിടിച്ചെടുത്തു. കണ്ണൂർ പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡും യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.
38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 12 ജില്ലകളിലായാണ് നടന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലായിരുന്നു മത്സരം.




