കോഴിക്കോട്: ബാലനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാഹി പാറക്കൽ സ്വദേശി മുകുന്ദമാല രാജീവനെയാണ് നാദാപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ദേവൻ കെ. മേനോനാണ് വിധി പ്രഖ്യാപിച്ചത്. 12 വയസ്സുകാരനെ ബൈക്കിൽ കയറ്റി പല സ്ഥലങ്ങളിലേക്കു കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് പല ദിവസങ്ങളിലും കുട്ടിയെ ഉപദ്രവിച്ചതായും കണ്ടെത്തി.
ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ വി.കെ. മനീഷും എ.എസ്.ഐ. പി. വൈജയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.




