ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദർശനം കണക്കിലെടുത്ത് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊടിയുമായി സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് എസ്എഫ്ഐ പ്രവർത്തകരോട് വ്യക്തമാക്കിയതോടെ തർക്കം ഉണ്ടായി. തുടർന്ന് സ്ഥിതി വഷളായതിനാൽ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയെന്നാണ് പൊലീസ് വിശദീകരണം. കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.






