പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠം ഹയർസെക്കൻഡറി സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനി രുദ്രയുടെ വീട് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ് അടങ്ങുന്ന നേതാക്കൾ സന്ദർശിച്ചു. ഒറ്റപ്പാലം സ്വദേശിനിയായ രുദ്രയുടെ കുടുംബം മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ മാതാവ് ശ്രീജ എസ്എഫ്ഐ നേതാക്കളോട് പറഞ്ഞു.
റാഗിങ്ങുമായി ബന്ധപ്പെട്ട് മകൾ സൂചിപ്പിച്ചിരുന്ന ഗൗരവമായ വിഷയങ്ങൾ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് കുടുംബത്തിൻറെ ആരോപണം.
കുട്ടിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എസ്എഫ്ഐ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഉറപ്പുനൽകി. തൊട്ടടുത്ത ദിവസം പാലക്കാട് ജില്ലാ ഭാരവാഹികൾ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ നേരിൽ കാണുമെന്നും ശിവപ്രസാദ് കുടുംബത്തിന് ഉറപ്പു നൽകി.
സ്കൂളിനുള്ളിൽ മകൾ അനുഭവിച്ചിരുന്ന റാഗിംഗിന്റെ വിഷയങ്ങൾ ഉൾപ്പെടെ കുടുംബത്തിൻറെ പരാതിയുമായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുമെന്ന് എസ്എഫ്ഐ ഭാരവാഹികൾ കുടുംബത്തിന് ഉറപ്പു നൽകിയാണ് മടങ്ങിയത്.
സിപിഐഎം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് വിപിൻ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫ, ഏരിയാസെക്രട്ടറി അബൂ ഫാസിൽ, സിപിഐഎം ഏരിയ കമ്മിറ്റിയംഗം അബ്ദുൽ നാസർ എന്നിവർ ഒപ്പമുണ്ടായിരുന്നു.




