ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഓപ്പണർ ഷഫാലി വർമ. 100 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഷഫാലി സ്വന്തം പേരിലെഴുതിച്ചേർത്തത്. 22 വയസ്സും 81 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി തന്റെ 100-ാം അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്. തിരുത്തികുറിച്ചത് ഇന്ത്യൻ താരം ജെമീമ റോഡ്രിഗസിന്റെ റെക്കോർഡാണ്. ഞായറാഴ്ച ഡർബൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് ഷഫാലി ഈ റെക്കോർഡ് നേടിയത്. വനിതാ ഏഷ്യാ കപ്പിൽ 23 വയസ്സും 327 ദിവസവും പ്രായമുള്ളപ്പോളാണ് ജെമിമ ഈ നേട്ടം സ്വന്തമാക്കിയത്. 100 ടി20 മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരവും, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരികൂടിയാണ് ഷഫാലി.




