കൊച്ചി: കലൂരിൽ 50 ലക്ഷം രൂപ വിപണിമൂല്യം വരുന്ന 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് സ്വദേശി അബ്ദുൽ ഹായ് മൊല്ലയെയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയത്. നാർക്കോട്ടിക് സെൽ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച് പ്രാദേശിക ചെറുകിട കച്ചവടക്കാർക്കും മൊത്ത വിതരണക്കാർക്കും കൈമാറുന്നതായിരുന്നു ഇയാളുടെ രീതി. ഒഡീഷയിൽ ഇയാൾക്ക് കഞ്ചാവ് നൽകിയ വ്യക്തിയെക്കുറിച്ചും കൊച്ചിയിൽ ഇയാളിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങുന്ന മലയാളികളായ മൊത്ത വിതരണക്കാരെക്കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുനാളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി ഒഡീഷയിൽ നിന്ന് വീണ്ടും കഞ്ചാവുമായി എത്തിയപ്പോഴാണ് പിടിയിലായത്. നിലവിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിലൂടെ ലഹരിക്കടത്ത് ശൃംഖലയിലെ മറ്റ് പ്രതികളിലേക്കും എത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.




