വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നുസത്കാരത്തിനിടെ വെടിയുതിർന്ന സംഭവത്തിൽ പിടിയിലായ പ്രതി കോൾ തോമസ് അലൻ (31) സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സ്വദേശിയും എൻജിനീയറുമായ ഇയാളുടെ സാമൂഹികമാധ്യമ ഇടപെടലുകളിൽ വർഷങ്ങൾക്കിടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്.
അധികൃതരുടെ വിവരമനുസരിച്ച്, 2022-ൽ കോളിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൂടുതലായും വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാൽ 2024 മുതൽ അവ രാഷ്ട്രീയ വിമർശനങ്ങളിലേക്ക് മാറിയതായി കണ്ടെത്തി. ട്രംപിനെ വിമർശിക്കുന്നതും അദ്ദേഹത്തെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുന്നതുമുള്‍പ്പെടെയുള്ള പോസ്റ്റുകൾ ഇയാൾ പങ്കുവെച്ചിരുന്നു. കൂടാതെ ട്രംപിനെതിരായ വധശ്രമം നാടകമാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകളും ഇയാൾ പങ്കുവെച്ചതായി റിപ്പോർട്ടുണ്ട്.
തോക്ക് ഉടമസ്ഥതയെ അനുകൂലിക്കുന്ന തരത്തിലുള്ള ചില പോസ്റ്റുകളും കോളിന്റെ അക്കൗണ്ടുകളിൽ കണ്ടതായി അന്വേഷണ സംഘം പറയുന്നു. “തോക്ക് വാങ്ങാൻ നല്ല ദിവസമായിരുന്നു… ഇന്നും നല്ല ദിവസമാണ്” എന്ന തരത്തിലുള്ള കുറിപ്പുകളും ഇതിൽ ഉൾപ്പെടുന്നു.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷിക വിരുന്ന് നടന്ന ഹാളിലേക്കുള്ള ഇടനാഴിയിലാണ് വെടിവെപ്പുണ്ടായത്. തോക്കും കത്തിയും കൈവശം വച്ചെത്തിയ കോളിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ കീഴടക്കി അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




