പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിള്‍ ശേഖരണം രണ്ടാം ദിവസവും തുടരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചത്.
പരിശോധനയുടെ ആദ്യ ഘട്ടത്തിൽ ശ്രീകോവിലിന്റെ പിൻഭാഗത്തെ തൂണുകളിലെ സ്വർണപാളികൾ ഇളക്കി സാമ്പിളുകൾ എടുത്തു. തുടർന്ന് ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ നിന്നുമാണ് ശേഖരണം നടത്തിയത്. ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ഇന്ന് ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ലീഗൽ മെട്രോളജി വകുപ്പിന്റെ ഗോൾഡ് അസസ്മെന്റ് വിഭാഗവും പരിശോധനയിൽ സാങ്കേതിക സഹായം നൽകുന്നുണ്ട്.
നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ്, ശുദ്ധി, കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുക എന്നതാണ് ശാസ്ത്രീയ പരിശോധനയുടെ പ്രധാന ലക്ഷ്യം. വിശദമായ തെളിവ് ശേഖരണത്തിനുശേഷം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.
അതേസമയം, കേസിൽ പ്രതിചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മതിയായ തെളിവുകളില്ലാതെയാണ് നടപടി സ്വീകരിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു. സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109.234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുൻപ് ആറുതവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കേസിലെ പ്രധാന പ്രതിയായതിനാൽ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടിലാണ് എസ്ഐടി. കോടതിവിധി കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.




