കർണാടക: കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമവേലയ്ക്ക് ഇരയാക്കിയിരുന്ന 18 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. കാസർകോട് പുത്തിഗെ സ്വദേശി ഉദയനും കൊല്ലം സ്വദേശി അനിൽ കുമാറും ഉൾപ്പെടെ നിരവധി പേരാണ് മോചിതരായത്. കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.
ഇവിടെ നിന്നു രക്ഷപ്പെട്ട കർണാടക സ്വദേശി ഈരണ്ണ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഈരണ്ണയുടെ മാതാവിന്റെ പരാതിയോടെയാണ് പൊലീസ് ഇടപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പൂട്ടിയിട്ട നിലയിൽ തൊഴിലാളികളെ കണ്ടെത്തുകയും ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. കൃഷിയിടത്തിന്റെ ഉടമയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൃഷിയിടത്തിന് സമീപമുള്ള ചെറിയ ഷെഡിൽ തൊഴിലാളികളെ വൃത്തിഹീന സാഹചര്യത്തിൽ പൂട്ടിയിടുകയായിരുന്നു. കഠിനമായി പണിയെടുപ്പിച്ചിട്ടും കൂലി നൽകിയിരുന്നില്ല. ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്ത അവസ്ഥയിലായിരുന്നു ഇവർ. ദിവസത്തിൽ രണ്ട് നേരം മാത്രം കുറഞ്ഞ അളവിൽ ഭക്ഷണം നൽകിയിരുന്നതായും പരാതിയുണ്ട്.
ജോലി വാഗ്ദാനം നൽകി ഇവരെ ഇവിടെ എത്തിച്ചതാണ്. മികച്ച ശമ്പളവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്തെങ്കിലും, യാഥാർത്ഥ്യത്തിൽ കൂലി ലഭിച്ചില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലായിരുന്നുവെന്നും തൊഴിലാളികൾ പറയുന്നു.
രാവിലെ ആറുമണിക്ക് കൃഷിത്തോട്ടത്തിലേക്ക് കൊണ്ടുപോയി രാത്രി ഏഴുവരെ ജോലി ചെയ്യിപ്പിച്ച്, തുടർന്ന് വീണ്ടും ഷെഡിൽ പൂട്ടിയിടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചാൽ മർദനം നേരിടേണ്ടി വന്നിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഒരു കുടുംബത്തിന്റെ കീഴിലുള്ള ഈ കൃഷിയിടത്തിൽ വർഷങ്ങളായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെയും ഇത്തരത്തിൽ ചൂഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.




