തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാർട്ട്സിറ്റി റോഡ് ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് ഭിന്നതയെ തുടർന്നെന്ന് സൂചന.
പ്രചാരണ ഫ്ലക്സ് ബോർഡുകളിൽ നിന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിനെ ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയോട് പരാതി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും പത്ര പരസ്യങ്ങളുമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. പണം ചെലവഴിച്ച തദ്ദേശവകുപ്പിനെ അവഗണിച്ചതിലാണ് അതൃപ്തി അറിയിച്ചത്.
ഇങ്ങനെ അഭിപ്രായ ഭിന്നത രൂപപ്പെട്ട സാഹചര്യത്തിലാണ് ഉദ്ഘാടനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നതെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളാൽ അന്നേ ദിവസത്തെ പരിപാടികൾ മുഴുവൻ റദ്ദാക്കിയതെന്നാണ് സർക്കാർ ഔദ്യോഗികമായി അറിയിച്ചത്. എം ബി രാജേഷും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയ്യാറാക്കിയത്.






