കൊല്ലം: ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 18 ലക്ഷത്തിലധികം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിലായി. മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്.
ചെന്നൈ എഗ്മോർ–കൊല്ലം എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ പുനലൂർ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 18,62,500 രൂപ പിടികൂടുകയായിരുന്നു.
തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 500 രൂപയുടെ നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. റെയിൽവേ എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
പിടികൂടിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ട്രെയിനുകളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസവും സമാനമായി രേഖകളില്ലാതെ കടത്തിയ പണവുമായി ഒരാളെ കൊല്ലത്ത് പിടികൂടിയിരുന്നു.






