തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകിയിരിക്കുകയാണ് റെഗുലേറ്ററി കമ്മീഷൻ. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം. കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്ഷെഡിങ് നടന്നുവരുന്നതിനിടെയാണ് ആശ്വാസകരമായ ഈ നടപടി. കഴിഞ്ഞ 18 ന് പ്രതിദിന വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്.




