കോഴിക്കോട്: സ്വത്തുവകാശ തർക്കത്തെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വേങ്ങേരി സ്വദേശിയായ കൊടക്കാട് വീട്ടിൽ സലിൽ കുമാറിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന അമ്മയോട് വീടും സ്ഥലവും ബാങ്ക് നിക്ഷേപങ്ങളും എഴുതിത്തരണമെന്ന ആവശ്യവുമായി സലിൽ കുമാർ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെ മുറിയിലിരുന്ന അമ്മയോട് വാതിൽ തള്ളി അകത്തു കയറി പ്രതി കൈയേറ്റം നടത്തി. നെഞ്ചത്തും മുഖത്തും അടിച്ചതിനൊപ്പം, ആവശ്യങ്ങൾ നിരസിച്ചപ്പോൾ നിലവിളക്കുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.
വീട്ടിൽ ഉണ്ടായ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയായ യുവാവ് ഇടപെട്ട് പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന് വയോധികയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ വേങ്ങേരിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


