കോഴിക്കോട്: സംസ്ഥാനത്തെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നാളെ കോടിയേറും. കോഴിക്കോട് ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് കലാമേള അരങ്ങേരുന്നത്. സോണല്‍ കലോത്സവത്തിലെ മത്സര വിജയികളാണ് സംസ്ഥാന തലത്തിൽ മാറ്റുരക്കുക. യൂണിവേഴ്സിറ്റിയുടെ കൊല്ലം, തൃപ്പൂണിത്തുറ, കോഴിക്കോട്, പട്ടാമ്പി, തലശ്ശേരി റീജിയണല്‍ കേന്ദ്രങ്ങളുടെ കീഴില്‍ നാൽപ്പത്തി അഞ്ചാം പഠന കേന്ദ്രങ്ങളാണുള്ളത്.
28ന് വൈകിട്ട് 4ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വി.ടി.മുരളി, നിലമ്പൂർ ആയിഷ എന്നിവർ മുഖ്യാതിഥികളാകും. വൈസ് ചാൻസലർ പ്രൊഫ.ഡോ. ജഗതി രാജ്. വി.പി അദ്ധ്യക്ഷനാകും. തുടർന്ന് മത്സരങ്ങള്‍ അരങ്ങേറും. മുപ്പതിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് അംഗം മധുപാല്‍ മുഖ്യാതിഥിയാകും.
കൂടുതല്‍ പോയിന്റ് നേടുന്ന റീജിയണല്‍ കേന്ദ്രത്തിന് ഓവറോള്‍ ജേതാക്കള്‍ക്കുള്ള ട്രോഫിയും വ്യക്തിഗത മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്നവർക്ക് കലാതിലകം,കലാപ്രതിഭ,കലാരത്നം പുരസ്കാരങ്ങളും നല്‍കും. സംസ്ഥാന കലോത്സവ വിജയികള്‍ക്ക് ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അവസരവും ഗ്രേസ് മാർക്കും ലഭിക്കും.
വാർത്താസമ്മേളനത്തില്‍ വി.സി ഡോ. ജഗതി രാജ്.വി.പി,സിൻഡിക്കേറ്റ് അംഗം ഡോ.സി.ഉദയകല, ഡോ. പ്രദീപ് കുമാർ.കെ, പി.ആർ.ഒ ശാലിനി. കെ.എസ് എന്നിവർ പങ്കെടുത്തു.










