തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ യുവതിയെ വിമർശിച്ചു ഫെയ്സ്ബുക്കിൽ കുറിപ്പിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. ഇതു വിവാദമായപ്പോൾ തിരുത്തി. പ്രതിക്ക് ഫോൺ ഓഫ് ചെയ്തു മുങ്ങാനും മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കാനുമാണോ ഇത്രനാൾ യുവതി പരാതി നൽകാതിരുന്നത് എന്നായിരുന്നു ആദ്യ പോസ്റ്റിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയായ ശ്രീലേഖയുടെ ചോദ്യം.
പിന്നാലെ ബിജെപി പ്രവർത്തകർ അടക്കം പോസ്റ്റിനു താഴെ കമന്റുമായയെത്തി. അതോടെ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പരാതി നൽകാൻ വൈകിപ്പോയതിലാണ് ദേഷ്യമെന്നും ശ്രീലേഖ പറഞ്ഞു. ഇരയ്ക്കൊപ്പമല്ലെന്ന വ്യാഖ്യാനം വന്നപ്പോഴാണ് പോസ്റ്റ് തിരുത്തിയത്.
പൊലീസ് എന്തുകൊണ്ട് സ്വമേധയാ കേസ് എടുത്തില്ല? അതിനെതിരെയാണ് സംസാരിച്ചത്. പരാതി കൊടുക്കാൻ വൈകി എന്നല്ല, മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നു. 3 മാസം ആ കുട്ടി അനുഭവിച്ചു. വളരെ നേരത്തേ തന്നെ കേസെടുക്കാമായിരുന്നു. രാഷ്ട്രീയക്കാരി എന്ന നിലയിലെ പ്രതികരണമായിരുന്നില്ല. പൊലീസ് ആയിരുന്നതിനാലാണ് വൈകിയതിലെ വിഷമം പറഞ്ഞത്. പരാതി നൽകാൻ കാലതാമസം വന്നതിലൂടെ പ്രതിക്ക് സംരക്ഷണം ലഭിക്കുന്നതിന് വഴിവച്ചെന്നും അവർ പറഞ്ഞു.










