പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. അടൂർ ആർ.ഡി.ഒയുടെ ഉത്തരവിലൂടെയാണ് നടപടി. വ്യാജ രേഖകൾ ഉപയോഗിച്ച് റേഷൻ കാർഡിൽ പേര് ചേർത്തുവെന്ന പരാതിയിലായിരുന്നു തുടക്കം.
പിന്നീട് അതേ പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണി വോട്ടർ പട്ടികയിൽ നിന്നും ശ്രീനാദേവിയുടെ പേര് നീക്കം ചെയ്തത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് പട്ടികയിൽ പേര് ഉണ്ടായിരുന്നത്.
പേര് ഒഴിവാക്കിയതിനെ തുടർന്ന് അയോഗ്യത തടയാനുള്ള നടപടികളുമായി ശ്രീനാദേവി കുഞ്ഞമ്മ മുന്നോട്ട് പോകുകയാണ്. കളക്ടറുമായി അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനും നീക്കം തുടങ്ങിയതായി അറിയിക്കുന്നു. ബന്ധുക്കളെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കലാണ് നടപടി എന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു.
പരാതി നൽകിയ കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ളയാണ് വ്യാജ രേഖ ചമച്ചുവെന്നാരോപിച്ച് നടപടിക്ക് കാരണമാക്കിയിരിക്കുന്നത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർത്തൃസഹോദരിയുടെ മകളാണെന്ന് സൂചിപ്പിച്ചാണെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർത്തൃസഹോദരിയോ മകളോ ഇല്ലെന്നും, കാർഡ് ഉടമ 2024 സെപ്തംബർ 18ന് മരിച്ചുവെന്നും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
.






