പശ്ചിമേഷ്യൻ യുദ്ധം സമ്മാനിച്ച ഇന്ത്യയിലെ എൽപിജി പ്രതിസന്ധി ഉടനെയൊന്നും തീരില്ലെന്ന് കണക്കുകൾ. ഉപഭോഗം ഓരോ മാസവും കുതിച്ചുകയറുന്നതിനിടെയാണ് അപ്രതീക്ഷിത അടിയായി യുദ്ധവും ഹോർമുസ് പ്രതിസന്ധിയും വിരുന്നുവന്നത്. രണ്ടു ദശാബ്ദം മുൻപ് രാജ്യത്ത് എൽപിജി ഉപഭോഗം 5.35 ലക്ഷം ടണ്ണായിരുന്നത് 2024-25 ആയപ്പോഴേക്കും 32 ലക്ഷം ടണ്ണിനടുത്തായി. നരേന്ദ്ര മോദി സർക്കാർ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം ഗാർഹിക കണക്ഷനുകൾ വ്യാപിപ്പിച്ചത് ഉപഭോഗം കുത്തനെ കൂടാനിടയാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലേക്കാണ് ഇടിത്തീ പോലെ യുദ്ധവും പാചകവാതക പ്രതിസന്ധിയും കയറിവരുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ പ്രതിസന്ധി ഉടനെ ഇന്ത്യയെ വിട്ട് പോകില്ല എന്നാണ്.
ഈ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന 2026-27 സാമ്പത്തികവർഷം ഓരോ മാസവും 29 ലക്ഷം ടണ്ണിന്റെ വീതം ഉപഭോഗമുണ്ടാകുമെന്നാണ് സർക്കാർ വിലയരുത്തൽ. നിലവിൽ ആഭ്യന്തര ഉൽപാദനം 30% വർധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും ഏതാണ്ട് 15 ലക്ഷം ടണ്ണിന്റെ ഇറക്കുമതി നടന്നാലേ ആഭ്യന്തര ഉപഭോഗത്തിനുള്ള എൽപിജി തികയൂ. അത്രമാത്രം ഇന്ത്യക്കാർ എൽപിജി കണക്ഷനെ ആശ്രയിക്കുന്നുണ്ട്. ആഭ്യന്തര ഉൽപാദനം 50 ശതമാനം വർധിച്ചാലും 13 ലക്ഷം ടണ്ണിൽ കുറയാത്ത ഇറക്കുമതി വേണമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഒരു എൽപിജി കപ്പലിന് 46,000 ടൺ വഹിക്കാനുള്ള ശേഷിയുണ്ടെന്ന് കരുതിയാൽതന്നെ, മാസം 29 കപ്പലെങ്കിലും വരണം എന്നതാണ് സ്ഥിതി. എന്നാലേ, ഇന്ത്യയിൽ എല്ലാ ഉപഭോക്താക്കൾക്കും എൽപിജി എത്തിക്കാനാകൂ. നിലവിൽ ഹോർമുസിൽ കപ്പൽയാത്ര കഠിനമായതിനാൽ ഇന്ത്യയ്ക്ക് എത്രത്തോളം എൽപിജി എത്തിക്കാനാകുമെന്ന ചോദ്യമുയരുന്നു. ഇപ്പോൾ വന്നിട്ടുള്ള രണ്ട് കപ്പലുകളിയേയും കൂട്ടിയിട്ടുള്ള എൽപിജി നമ്മുടെ രാജ്യത്ത് വെറും രണ്ട് ദിവസത്തേക്ക് ഉപയോഗിക്കാനുള്ളത് മാത്രമേയുള്ളൂ എന്നറിയുമ്പോൾ മനസിലാക്കാം നാം നേരിടുന്ന പ്രതിസന്ധിയുടെ ആഴം.




