പാലക്കാട്: കർണാടകയിലെ ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കർണാടക പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം എത്തിച്ചത്. ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിൽ സംശയകരമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിഞ്ഞതിനാലാകാമെന്നും പ്രാഥമിക നിഗമനമുണ്ട്.
വിനോദസഞ്ചാരത്തിനായി ചിക്മംഗളൂരുവിലെത്തിയ ശേഷം കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് ഏകദേശം 1500 അടി താഴെയുള്ള പ്രദേശത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോൺ പരിശോധനയ്ക്കിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായതായി റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്ന് ഏറെ താഴെയായിരുന്നു മൃതദേഹം.
മലയടിവാരത്ത് നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടഭീഷണിയുള്ള പ്രദേശമായതിനാൽ അവിടെ എത്താൻ രക്ഷാപ്രവർത്തകർക്കും പൊലീസിനും ഏറെ ബുദ്ധിമുട്ട് നേരിട്ടു. കർണാടക പൊലീസിന്റെ അന്വേഷണസംഘവും ശാസ്ത്രീയ പരിശോധനാ വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.
അതേസമയം, മൃതദേഹം ആ സ്ഥലത്ത് എത്തിയത് എങ്ങനെ എന്നതിൽ ദുരൂഹത തുടരുന്നു. അബദ്ധത്തിൽ ഇത്തരമൊരു സ്ഥലത്തേക്ക് വീഴാൻ സാധ്യതയില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. ആരെങ്കിലും അപായപ്പെടുത്തി മൃതദേഹം അവിടെ എത്തിച്ചിരിക്കാമെന്നാരോപിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.




