ബംഗളൂരു: ഏഴ് കളിയില്‍ ആറ് തോല്‍വി, ഒരു സമനില. ഐഎസ്എല്ലില്‍ തരംതാഴ്ത്തല്‍ മേഖലയ്ക്ക് ഒരുപടി മാത്രം മുകളില്‍. ആറ് കളിയും തോറ്റ മുഹമ്മദന്‍സ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് പിന്നില്‍. ഇന്ന് ബംഗളൂരുവിനെതിരെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. രാത്രി 7.30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കളി.
പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് കീഴില്‍ രണ്ടാമത്തെ കളിയാണ് ബ്ലാസ്റ്റേഴ്സിന്. കഴിഞ്ഞ മത്സരത്തില്‍ സ്പോര്‍ടിങ് ഡല്‍ഹിയോട് രണ്ട് ഗോളിന് തോറ്റു. മറുവശത്ത്, സ്പാനിഷുകാരന്‍ പെപ് മ്യുനോസിന് കീഴില്‍ ആദ്യ കളിക്കാണ് ബംഗളൂരു ഇറങ്ങുന്നത്. ഏഴ് കളിയില്‍ 14 പോയിന്റുള്ള ബംഗളൂരുവിന് ഇന്ന് ജയിച്ചാല്‍ രണ്ടാംസ്ഥാനത്തേക്ക് കയറാം.
വെസ്റ്റ്വുഡ് വന്നിട്ടും കളിയില്‍ മാറ്റം വരാത്തത് ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗോളടിക്കുന്നതിലും അവസരമൊരുക്കുന്നതിലും ഏറെ പിന്നിലാണ് ടീം. മൊറോക്കോക്കാരന്‍ കരിം ബെനാറിഫ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അതേസമയം, ഡല്‍ഹിക്കെതിരെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ പ്രതിരോധക്കാരന്‍ ഐബന്‍ബ ഡോഹ്ലിങ്ങിന് ഇന്ന് ഇറങ്ങാനാകില്ല.
സീസണില്‍ ഏഴ് കളിയില്‍ മൂന്ന് ഗോള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. 12 എണ്ണം വഴങ്ങി. ഇന്ന് ജയിക്കാനായില്ലെങ്കില്‍ തരംതാഴ്ത്തല്‍ ഭീഷണി ശക്തമാകും.




