കാസർഗോഡ്: മുംബൈ വിമാനത്താവളത്തിലെ ആ രാത്രി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പാസ്പോർട്ടിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീനിവാസന് മനസ്സിലായില്ല. താങ്കൾക്ക് വിദേശത്തേക്ക് പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പാസ്പോർട്ട് പിടിച്ചുവെച്ച് നോട്ടീസ് നൽകി പുറത്തേക്കുവിട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം പകച്ചുപോയി
ദുബായിലെത്തി ജോലിചെയ്ത് കടമെല്ലാം വീട്ടണം. ഭാര്യയും രണ്ടുമക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തെ നോക്കണം- ജനുവരി 15-ന് മുംബൈ വിമാനത്താവളത്തിൽ ശ്രീനിവാസന്റെ എല്ലാ സ്വപ്നങ്ങളും വീണുടഞ്ഞു. പോലീസ് വെരിഫിക്കേഷൻ ഉദ്യോഗസ്ഥന്റെ അശ്രദ്ധയിൽ മറ്റൊരു ശ്രീനിവാസനുമേലുള്ള കേസ് ഈ ശ്രീനിവാസന്റെ വിലാസത്തിൽ റിപ്പോർട്ട് ചെയ്തതാണ് വിനയായത്.
കാഞ്ഞങ്ങാട് അരയി സ്വദേശിയായ ശ്രീനിവാസന്റെ വീട്ടുപേര് കൊളത്തിങ്കാൽ ഹൗസ് എന്നാണ്. ഒരുകിലോമീറ്റർ അപ്പുറത്ത് താമസിക്കുന്ന മറ്റൊരു ശ്രീനിവാസന്റെ വീട്ടുപേര് തരംബയിൽ എന്നാണ്. രണ്ടു ശ്രീനിവാസന്റെയും അച്ഛന്റെ പേരുകൾ കുഞ്ഞിക്കണ്ണൻ. രണ്ടാമത്തെ ശ്രീനിവാസന് സ്ഥലത്തർക്കവുമായി ബന്ധപ്പെട്ട കേസാണ് ഈ ശ്രീനിവാസന്റെ പാസ്പോർട്ട് വെരിഫിക്കേഷൻ റിപ്പോർട്ടിലായിപ്പോയത്.
യാത്ര മുടങ്ങിയതോടെ അന്ന് വിമാനയാത്രയ്ക്കായി നൽകിയ 27,000 രൂപ പോയി. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ റിപ്പോർട്ട് മാറ്റി അയച്ച് വീണ്ടും പാസ്പോർട്ട് ഓഫീസിലെത്തി എല്ലാം ശരിയാക്കി. 20,000 രൂപ നൽകി വീണ്ടും ടിക്കറ്റെടുത്തു. കണ്ണൂർ വിമാനത്താവളം വഴിയായിരുന്നു യാത്ര നിശ്ചയിച്ചത്. ഫെബ്രുവരി 20-ന് വിമാനത്താവളത്തിലെത്തി. ഇമിഗ്രേഷൻ ക്ലിയറിങ്ങിനിടെ വീണ്ടും പ്രശ്നം. യാത്ര പറ്റില്ലെന്നുപറഞ്ഞ് അവിടെയും പാസ്പോർട്ട് പിടിച്ചുവെച്ചു. കണ്ണീരോടെ വീട്ടിലേക്ക് മടങ്ങി. നേരത്തേ ശരിയാക്കിയ കാര്യങ്ങൾ പാസ്പോർട്ട് ഓഫീസിലെ കംപ്യൂട്ടറിൽ മാറാത്തതാണ് പ്രശ്നമായതെന്നാണ് ശ്രീനിവാസന് ലഭിച്ച വിവരം. മാർച്ച് ഏഴുവരെയാണ് വിസാ കാലാവധി. അതിനകം ദുബായിയിലെത്തിയില്ലെങ്കിൽ എല്ലാ സ്വപ്നങ്ങളും കരിഞ്ഞുണങ്ങുമെന്ന ആശങ്കയിലാണ് ശ്രീനിവാസൻ










