തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വിവിധ തലങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇന്ന് സ്കൂളുകളിലും നാളെ സർക്കാർ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് നിപ, ഷിഗല്ല, ഡെങ്കി എന്നിവ പടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട് നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുൻപ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
നിലവിൽ മൂന്ന് പേർ നിരീക്ഷണത്തിലാണെന്നും അവരുടെ പരിശോധനാ ഫലങ്ങൾ ഉടൻ ലഭിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 19 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.
അതേസമയം, എബോള സംശയിക്കുന്നതായി കരുതുന്ന കോട്ടയത്തെ സ്ത്രീ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. സൗത്ത് സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ ഇവരെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനാ ഫലം ലഭിക്കാനിരിക്കുന്നതായി അധികൃതർ അറിയിച്ചു.
പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ഏകോപിത പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.






