കൊച്ചി: മൂക്കുത്തി അഴിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ മൂക്കിൽ കുടുങ്ങിയ മൂക്കുത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നീക്കം ചെയ്തു. കോലഞ്ചേരി പട്ടിമറ്റം സ്വദേശിനിയുടെ മൂക്കിലാണ് മൂക്കുത്തി കുടുങ്ങിയത്. മൂക്കുത്തി ഊരുന്നതിനിടെ അതിന്റെ ഭാഗം മൂക്കിനുള്ളിലേക്ക് ആഴ്ന്ന് പോകുകയും പുറത്തുനിന്ന് കാണാനാകാത്തവിധം കുടുങ്ങുകയുമായിരുന്നു.
വീട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും മൂക്കുത്തി പുറത്തെടുക്കാൻ സാധിച്ചില്ല. വേദന കൂടിയതോടെ രാത്രി 7.30ഓടെ യുവതിയെ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചു. സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മൂക്കുത്തിയുടെ ലോക്ക് മുറിച്ചുനീക്കിയാണ് യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.




