ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫല പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ബോർഡിന്റെ അടിയന്തര ഇടപെടൽ. റീവാല്യൂവേഷനായി അപേക്ഷിച്ച വിദ്യാർഥിക്ക് മറ്റൊരാളുടെ ഉത്തരക്കടലാസ് ലഭിച്ചുവെന്ന ആരോപണത്തിലാണ് നടപടി.
വേദാന്ത് എന്ന വിദ്യാർഥി സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്കാൻ ചെയ്ത ഉത്തരക്കടലാസ് സ്വന്തംതല്ലെന്നും മറ്റാരുടേതാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സിബിഎസ്ഇ അധികൃതർ നടത്തിയ പരിശോധനയിൽ വിദ്യാർഥിയുടെ ഒറിജിനൽ ഫിസിക്സ് ഉത്തരക്കടലാസ് കണ്ടെത്തി അദ്ദേഹത്തിന് വീണ്ടും അയച്ചുനൽകിയതായാണ് റിപ്പോർട്ട്.
ദേശീയ മാധ്യമമായ ടൈംസ് നൗ ആണ് ബോർഡിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഇതിനിടെ ഉത്തരക്കടലാസുകളിലെ കയ്യക്ഷരത്തിൽ മാറ്റം, പേജുകൾ മാറിപ്പോയത് തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതോടെ കൂടുതൽ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് സിബിഎസ്ഇയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.






