തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് 6 മാസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ നൽകിയ അനുകൂല മറുപടി കത്ത് ആഭ്യന്തര വകുപ്പും റദ്ദാക്കി.
തദ്ദേശ വകുപ്പ് ഈ കത്ത് നേരത്തെ റദ്ദാക്കിയതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കത്ത് തയ്യാറാക്കിയതിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തിരുന്നു.
സുഗതന് അവധി അനുവദിച്ച കൗൺസിൽ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ നടക്കുന്ന ഹിയറിങ്ങിനിടെ സുഗതന് അനുകൂലമായ കത്ത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കത്ത് റദ്ദാക്കിയത്. പരോൾ അനുവദിക്കണമെന്ന ആവശ്യവുമായി സുഗതൻ ആദ്യം ആഭ്യന്തര വകുപ്പിനാണ് അപേക്ഷ നൽകിയത്. ഇതുമായി ബന്ധപ്പെട്ടാണ് അനുകൂല മറുപടി കത്ത് നൽകിയിരുന്നത്.


