തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മെയ് 2 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത സംവിധാനങ്ങൾക്കും അപകടകാരിയായതിനാൽ മുൻകരുതൽ അനിവാര്യമാണെന്നും അധികൃതർ അറിയിച്ചു.
മിന്നൽ സമയത്ത് തുറസായ സ്ഥലങ്ങൾ, ടെറസ് എന്നിവ ഒഴിവാക്കി സുരക്ഷിത കെട്ടിടങ്ങളിൽ അഭയം തേടണമെന്ന് നിർദേശിച്ചിട്ടുണ്ട്. മരച്ചുവട്ടിൽ നിൽക്കുന്നതും ജലാശയങ്ങളിൽ ഇറങ്ങുന്നതും ബൈക്ക്, സൈക്കിൾ യാത്രകളും ഒഴിവാക്കണം. കാറ്റും മിന്നലും ഉള്ളപ്പോൾ വാതിലുകളും ജനലുകളും അടച്ചിടാനും ഗൃഹോപകരണങ്ങളുടെ പ്ലഗുകൾ അൺപ്ലഗ് ചെയ്യാനും നിർദ്ദേശമുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ലെങ്കിലും ലാൻഡ് ഫോൺ ഉപയോഗം ഒഴിവാക്കണം. ഇടിമിന്നലേറ്റ വ്യക്തികൾക്ക് ഉടൻ പ്രാഥമിക ചികിത്സ നൽകണമെന്നും ആദ്യ 30 സെക്കൻഡ് നിർണായകമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.




