തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ നിന്ന് പിടിയിലായി. ബെംഗളൂരുവിൽ തെരുവുനായകൾക്കായുള്ള ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന മലയാളിയാണ് പ്രതി.
ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് സ്ത്രീകൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു സുനിത. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്നാണ് ദീപക് കൃഷ്ണൻ സുനിതയെ അതിക്രൂരമായി മർദിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സുനിത തൃശൂരിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മെയ് 3-നാണ് ആക്രമണം നടന്നത്. സുനിതയുടെ തല ചുവരിലും അലമാരയിലും ഇടിച്ചെന്നും നിലത്ത് വീണ ശേഷവും നെഞ്ചിൽ ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും അന്വേഷണസംഘം കണ്ടെത്തി.
വാടാനപ്പള്ളി സ്വദേശിയായ സുനിത മുൻപ് വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്നു. അവിടെ വിവാദമായ കാരണവർ കൊലക്കേസിലെ പ്രതിയായ ഷെറിനൊപ്പമായിരുന്നു സുനിതയും ഉണ്ടായിരുന്നത്.
ജയിലിൽ ഷെറിന് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നാരോപിച്ച് 2025-ൽ സുനിത ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അധിക പരോൾ, ഫോണും മറ്റ് സൗകര്യങ്ങളും ലഭിച്ചുവെന്നടക്കമുള്ള ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






