ദുബായ്: പ്രാദേശിക സംഘർഷങ്ങളും വ്യോമഗതാഗത പ്രതിസന്ധികളും നിലനിന്നിട്ടും 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടി എമിറേറ്റ്‌സ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ നികുതിക്ക് മുൻപുള്ള ലാഭം 24.4 ബില്യൺ ദിർഹമായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വർധനവാണിത്. എമിറേറ്റ്‌സ് എയർലൈൻ മാത്രം 22.8 ബില്യൺ ദിർഹം ലാഭം നേടി.
എയർലൈന്റെ ആകെ വരുമാനം 150.5 ബില്യൺ ദിർഹമായി, ഇത് മൂന്ന് ശതമാനം വർധനവാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 53.2 ദശലക്ഷം യാത്രക്കാരാണ് എമിറേറ്റ്‌സ് ഉപയോഗിച്ചത്. ബ്രാൻഡ് മൂല്യം 27 ശതമാനം ഉയർന്ന് 10.6 ബില്യൺ ഡോളറിലെത്തി.
ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്–ഇസ്രായേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ വ്യോമഗതാഗതം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. ഫെബ്രുവരി 28 മുതൽ സൈനിക നീക്കങ്ങൾ വിമാന സർവീസുകളെ ബാധിച്ചെങ്കിലും ദുബായ് സർക്കാരിന്റെയും എമിറേറ്റ്‌സിന്റെയും സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായ വ്യോമപാതകൾ കണ്ടെത്താൻ കഴിഞ്ഞതായി എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി.
ഈ കാലയളവിൽ 15 പുതിയ എയർബസ് A350 വിമാനങ്ങൾ കൂടി എമിറേറ്റ്‌സ് നിരയിൽ ചേർന്നു. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം 277 ആയി. ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം എട്ട് ശതമാനം വർധിച്ച് 1,30,919 ആയി. ഇതിൽ 4,000-ത്തിലധികം പേർ യുഎഇ പൗരന്മാരാണ്.
ലോകത്തിലെ പ്രമുഖ സ്പോർട്സ് സ്പോൺസർമാരിൽ ഒന്നായി മാറിയ എമിറേറ്റ്‌സ്, 2030 വരെ നീളുന്ന നിരവധി പ്രധാന കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് കൂടുതൽ ശക്തമായി മുന്നേറാനാകുമെന്ന് ശൈഖ് അഹമ്മദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.




