കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ച നേതാവാണ് സുരേഷ് കുറുപ്പ്. എന്നാൽ, സിപിഎമ്മുമായി ഏറെ നാളുകളായി ഇടഞ്ഞുനിൽക്കുകയാണ് അദ്ദേഹം. വിഎസ് അച്യുതാനന്ദന്റെ മരണത്തിനു ശേഷവും പാർട്ടിയെ പ്രതിസന്ധിയിലാക്കി സുരേഷ് കുറുപ്പ് പ്രതികരണം നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ആലപ്പുഴ സംസ്ഥാന സമ്മേളനത്തൽ ഒരു യുവ വനിതാനേതാവ് ആവശ്യപ്പെട്ടെന്നായിരുന്നു മുൻ എംഎൽഎ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ.
ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്‌മെൻറ് പരാമർശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്. യുവ വനിതാ നേതാവാണ് പരാമർശം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഈ പരാമർശത്തിന് പിന്നാലെ വിഎസ് സമ്മേളനം ബഹിഷ്‌കരിച്ച് പുന്നപ്രയിലെ കുടുംബ വീട്ടിലേക്ക് പോവുകയായിരുന്നെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപോയത് അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സുരേഷ് കുറുപ്പ് തയ്യാറായിട്ടില്ല.
പറയാനുള്ളതെല്ലാം ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലിന് ഇല്ലെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. കൊച്ചുമക്കളുടെ പ്രായയമുള്ളവർ സമ്മേളനങ്ങളിൽ നിലവിട്ട ആക്ഷേപങ്ങളുന്നയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് കെ സുരേഷ്‌കുറുപ്പ് വിവാദ പരാമർശത്തിലേക്ക് കടക്കുന്നത്. വിഎസിനെപ്പറ്റിയുള്ള ഓർമകൾ പങ്കുവെച്ചുള്ള ലേഖനത്തിലായിരുന്നു സുരേഷ് കുറിപ്പിന്റെ വിവാദ വെളിപ്പെടുത്തൽ. മുൻപ് കോട്ടയം ജില്ലാ സമ്മേളനത്തിൽ തന്നെ നേതൃത്വം ബോധപൂർവ്വം അവഗണിച്ചതിൽ സുരേഷ് കുറുപ്പിന് കടുത്ത അമർഷം ഉണ്ടായിരുന്നു. അതിനുശേഷം പാർട്ടിയുടെ എല്ലാ പരിപാടികളിൽ നിന്നും സുരേഷ് കുറുപ്പ് വിട്ടുനിൽക്കുകയാണ്.






