മുംബൈ: രാജ്യത്തെ നിരത്തുകളിലുള്ള പഴയ പെട്രോൾ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് മൈലേജ് കുറയാൻ കാരണമാകുന്നതായി സർവേ റിപ്പോർട്ട്. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സമാനമായ പ്രശ്നം അനുഭവപ്പെടുന്നതായി ‘ലോക്കൽ സർക്കിൾസ്’ പുറത്തുവിട്ട പഠനത്തിൽ പറയുന്നു.
2022-ലോ അതിനു മുൻപോ വാങ്ങിയ വാഹനങ്ങളിലാണ് പ്രശ്നം കൂടുതലായി കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത പത്തിൽ മൂന്ന് ഡ്രൈവർമാർ എൻജിനിൽ അസാധാരണമായ തേയ്മാനം അനുഭവപ്പെട്ടതായും രേഖപ്പെടുത്തി.
ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് പൊതുമേഖല എണ്ണക്കമ്പനികൾ 20 ശതമാനം വരെ എഥനോൾ കലർത്തിയ, റിസർച്ച് ഒക്ടേൻ നമ്പർ (RON) 95 ഉള്ള പെട്രോളാണ് വിതരണം ചെയ്യുന്നത്.






