സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ആഗോള റിലീസിന് ഒരുങ്ങുന്നു. ചിത്രം 2026 ഓഗസ്റ്റ് 14ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. കേരളത്തിലെ വിതരണാവകാശം ന്യൂ സൂര്യ ഫിലിംസ് സ്വന്തമാക്കിയപ്പോൾ, തമിഴ്നാട്ടിൽ പ്രൈമാർക്ക് പ്രൊഡക്ഷൻസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
മലയാളി നടി മമിത ബൈജു നായികയായി എത്തുന്ന ചിത്രം സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.
ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ആദ്യഗാനമായ ‘പട്ടാമ്പൂച്ചി’ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. റിലീസിന് മുൻപുതന്നെ ഏകദേശം 300 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് നേട്ടമായി ചിത്രം മാറിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 85 കോടി രൂപയ്ക്കാണ് ഒടിടി അവകാശം വിറ്റുപോയത്. സൂര്യയുടെ 46-ാമത് ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ‘ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കഥയും തിരക്കഥയും വെങ്കി അറ്റ്ലൂരിയുടേതാണ്.
രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പുറത്തിറങ്ങിയ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട സമ്പൂർണ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നവീൻ നൂലി, സംഗീതം ജി.വി. പ്രകാശ് കുമാർ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.











