പത്തനംതിട്ട: 12 വയസ്സുകാരനെ കഞ്ചാവ് ബീഡി ഉപയോഗിക്കാൻ നിർബന്ധിക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം തോന്നിയാമല സ്വദേശിയായ അശ്വിൻരാജ് (22) ആണ് പിടിയിലായത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. കുട്ടിയുമായി പരിചയം സ്ഥാപിച്ച ശേഷം പ്രതി പലതവണ കഞ്ചാവ് ബീഡി നൽകുകയും അത് വലിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് അശ്ലീല വീഡിയോകൾ കാണിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഞ്ചാവ് ഉപയോഗിച്ചതിനെ തുടർന്ന് കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളും കഠിനമായ തലവേദനയും അനുഭവപ്പെട്ടു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ ഡോക്ടറോട് കുട്ടി സംഭവത്തെക്കുറിച്ച് പറഞ്ഞു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. വിവരം ലഭിച്ചതോടെ പോലീസ് ഉടൻ കേസെടുത്ത് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




