കോഴിക്കോട്: പട്ടാപ്പകല്‍ മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം വരുത്തി ഉപയോഗിച്ചിരുന്നയാളെ പോലീസ് പിടികൂടി. കുറ്റ്യാടി വടയം സ്വദേശി വെള്ളാപ്പറമ്പത്ത് വിജിന്‍ലാലിനെയാണ് എടച്ചേരി പോലീസ് വാഹനസഹിതം അറസ്റ്റ് ചെയ്തത്.
പുറമേരി മുതുവടത്തൂര്‍ സ്വദേശി അച്ഛന്‍കണ്ടിതാഴെ നാസറിന്റെ സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. വടകര ഓര്‍ക്കാട്ടേരിയിലെ ചന്ത കാണാന്‍ ഭാര്യയോടൊപ്പം എത്തിയ നാസര്‍ റോഡരികിലെ അസ്മ കോഴിഫാമിന് സമീപമുള്ള പാലത്തിനടുത്ത് മറ്റ് വാഹനങ്ങളോടൊപ്പം ബൈക്ക് പാര്‍ക്ക് ചെയ്ത് മക്കള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ പോയിരുന്നു. ഏകദേശം 45 മിനിറ്റിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് ബൈക്ക് കാണാതായതായി മനസിലായത്.
മോഷ്ടിച്ച ബൈക്കിന് പ്രതി രൂപമാറ്റം വരുത്തി യാത്രകള്‍ക്ക് ഉപയോഗിച്ചു വരികയായിരുന്നു. ഇയാള്‍ ബൈക്ക് ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് നിരീക്ഷണം ശക്തമാക്കി. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിജിന്‍ലാല്‍ നാട്ടില്‍നിന്ന് മുങ്ങിയിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറ്റ്യാടിക്കടുത്ത് വെച്ച് പോലീസ് പിടികൂടി. മോഷ്ടിച്ച ബൈക്കും ഇയാളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.










