കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണസമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി. മേയർ സ്ഥാനത്തുനിന്ന് ഫിർഹാദ് ഹക്കിം രാജിവെച്ചതിന് പിന്നാലെയാണ് തീരുമാനം. ഐഎഎസ് ഉദ്യോഗസ്ഥ സ്മിത പാണ്ഡെയെ കോർപ്പറേഷന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.
1980-ലെ മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരമാണ് ഭരണസമിതി പിരിച്ചുവിട്ടത്. കൗൺസിലർമാരും വിവിധ കമ്മിറ്റികളിലെ അംഗങ്ങളും ഉടൻ സ്ഥാനമൊഴിയണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മേയറും കൗൺസിലർമാരും നിർവഹിച്ചിരുന്ന എല്ലാ ഭരണ ചുമതലകളും ഇനി അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും.
2010 മുതൽ തുടർച്ചയായി തൃണമൂൽ കോൺഗ്രസാണ് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ ഭരണം നടത്തിവന്നത്. എന്നാൽ പാർട്ടിക്കുള്ളിലെ പ്രതിസന്ധികൾ ശക്തമായതോടെ സ്ഥിതി മാറുകയായിരുന്നു.
ജൂൺ മൂന്നിനാണ് തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവും മമത ബാനർജിയുടെ അടുത്ത അനുയായിയുമായ ഫിർഹാദ് ഹക്കിം മേയർ സ്ഥാനം രാജിവെച്ചത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിൽ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. നേരത്തെയും രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം അദ്ദേഹം സ്ഥാനത്ത് തുടർന്നിരുന്നു.
ഇതിനിടെ നിരവധി കൗൺസിലർമാർ കൂട്ടരാജി സമർപ്പിച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. തുടർന്ന് ഫിർഹാദ് ഹക്കിം വീണ്ടും രാജി സമർപ്പിക്കുകയും പാർട്ടി നേതൃത്വം അത് അംഗീകരിക്കുകയും ചെയ്തു.
അതേസമയം, തൃണമൂൽ കോൺഗ്രസ് എംപി യൂസഫ് പഠാൻ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര യൂസഫ് പഠാനെ രൂക്ഷമായി വിമർശിച്ചു. ബഹറംപൂർ മണ്ഡലത്തിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച പ്രതിനിധിയെന്ന നിലയിൽ കൂടുതൽ രാഷ്ട്രീയ ധൈര്യം കാണിക്കണമെന്നും മഹുവ പ്രതികരിച്ചു.
കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ ഭരണമാറ്റം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.




