തിരുവനന്തപുരം: കനത്ത തോൽവിക്ക് പിന്നാലെ സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും നയപരവുമായ വീഴ്ചകൾ തികച്ചും മയപ്പെടുത്തിയാണ് റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇതിനെതിരേയും വിമർശനങ്ങളുണ്ട്. വിമർശനങ്ങൾ അപ്പാടെ ഒഴിവാക്കിയുള്ള ഈ റിപ്പോർട്ടുമായി കീഴ്ഘടങ്ങളിലേക്ക് വിശദീകരണത്തിന് ചെല്ലാനാകില്ലെന്നും, റിപ്പോർട്ടിൽ അടിയന്തരമായി തിരുത്തലുകൾ വേണമെന്നും സംസ്ഥാന കമ്മിറ്റിയിൽ കടുത്ത ആവശ്യമുയർന്നിട്ടുണ്ട്.
തോൽവിക്ക് പ്രധാന കാരണം ഭൂരിപക്ഷ വർഗീയതയോട് സ്വീകരിച്ച മൃദുസമീപനവും സംഘടനാ തലത്തിലുണ്ടായ ഗുരുതര വീഴ്ചകളുമാണെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതിനുപുറമെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും സംസ്ഥാന സെക്രട്ടറി അടക്കമുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളും തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നും വിമർശനമുണ്ട്.





