ന്യൂഡൽഹി: സിന്ധു നദീജല കരാർ (Indus Waters Treaty) നിലവിൽ മരവിപ്പിച്ചിരിക്കുകയാണെന്നും പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ കരാറുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്ക് സാധ്യതയില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാകിസ്താൻ ഭീകരസംഘടനകൾക്ക് പിന്തുണ നൽകുന്നത് തുടരുന്ന സാഹചര്യത്തിൽ നിലവിലെ രൂപത്തിൽ സിന്ധു നദീജല കരാർ വീണ്ടും പ്രാബല്യത്തിൽ വരില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഭാവിയിൽ ജലവിഭവ പങ്കിടലുമായി ബന്ധപ്പെട്ട ഏതെങ്കിലും ധാരണയുണ്ടായാലും അത് നിലവിലെ കരാറിന് പകരമായ പരിഷ്കരിച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2025 ഏപ്രിലിൽ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ കരാർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ പാകിസ്താൻ ആസ്ഥാനമായ ലഷ്കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ആണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. തുടർന്ന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തുകയും ചെയ്തിരുന്നു.
അതേസമയം, സിന്ധു നദീജല കരാറിൽ നിന്ന് പൂർണമായി പിന്മാറുന്നത് നിലവിൽ പരിഗണനയിലില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തുന്ന സാഹചര്യത്തിൽ ഏതൊരു അന്താരാഷ്ട്ര കരാറും അവസാനിപ്പിക്കാനുള്ള പരമാധികാര അവകാശം ഇന്ത്യക്കുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
കരാർ മരവിപ്പിച്ചതിനെ തുടർന്ന് പാകിസ്താനിൽ ജലക്ഷാമം രൂക്ഷമായെന്ന ആരോപണവും ഇന്ത്യ തള്ളി. ജലനഷ്ടത്തിന് പ്രധാന കാരണം പാകിസ്താനിലെ അപര്യാപ്തമായ സംഭരണ സംവിധാനങ്ങളും വ്യാപകമായ ചോർച്ചയും ആഭ്യന്തര ജലവിതരണ തർക്കങ്ങളുമാണെന്നാണ് ഇന്ത്യയുടെ വിശദീകരണം. സ്വന്തം ആഭ്യന്തര വീഴ്ചകൾ മറച്ചുവെക്കാനാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതെന്നും സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.


