എറണാകുളം: ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 21 രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 23 അര്‍ദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എസ് മനു അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ചോദ്യം ചെയ്തത്.
ഡ്രൈഡേ ആവശ്യം ഉന്നയിക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് എന്ത് അധികാരം? നിയമ സാധുത ബോധ്യപ്പെടുത്തിയാല്‍ മാത്രം തീരുമാനം അംഗീകരിക്കാം. സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിയമപരമായ ഏതെങ്കിലും വകുപ്പ് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമെങ്കില്‍ കോടതി അത് അംഗീകരിക്കാമെന്നും അല്ലാത്തപക്ഷം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനോ അപേക്ഷ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോ അധികാരമില്ലെന്നും ഹൈക്കോടതി അറിയിച്ചു.




