കൊച്ചി: രാജ്യത്തെ പ്രമുഖ പഴയ തലമുറ സ്വകാര്യ മേഖല ബാങ്കുകളിലൊന്നായ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് (ടിഎംബി) 2026 ജൂൺ 30-ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. അറ്റാദായം മുൻ വർഷം ഇതേ പാദത്തിലെ 304.89 കോടി രൂപയിൽ നിന്നും 34.97 ശതമാനം വർദ്ധനവോടെ അറ്റാദായം 411.51 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം മുൻ വർഷത്തെ 412.26 കോടി രൂപയിൽ നിന്ന് 48.22 ശതമാനം വർദ്ധനവോടെ 611.07 കോടി രൂപയായി ഉയർന്നു.
അറ്റ പലിശ വരുമാനം മുൻ വർഷത്തെ 579.55 കോടി രൂപയിൽ നിന്ന് 32.01 ശതമാനം വളർച്ചയോടെ 765.08 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ്സ് 23.04 ശതമാനം വർദ്ധനവോടെ 1,21,715 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 98,923 കോടി രൂപയായിരുന്നു. ആകെ നിക്ഷേപം 19.71 ശതമാനം വർദ്ധിച്ച് 64,409 കോടി രൂപയായി, മുൻ വർഷം ഇത് 53,803 കോടി രൂപയായിരുന്നു. കാസാ നിക്ഷേപങ്ങൾ 16.94 ശതമാനം വർദ്ധിച്ച് 16,852 കോടി രൂപയിലെത്തി.
ആകെ വായ്പകൾ മുൻ വർഷത്തെ 45,120 കോടി രൂപയിൽ നിന്ന് 27.01 ശതമാനം വർദ്ധിച്ച് 57,306 കോടി രൂപയായി. റീട്ടെയിൽ, അഗ്രി, എംഎസ്എംഇ വിഭാഗങ്ങളിലെ വായ്പകൾ 28.47 ശതമാനം വർദ്ധിച്ച് 54,083 കോടി രൂപയിലെത്തി.
ആകെ കിട്ടാക്കടം മുൻ വർഷം 1.22 ശതമാനമായിരുന്നത് ജൂൺ 2026-ൽ 0.69 ശതമാനമായി കുറഞ്ഞു. അറ്റ കിട്ടാക്കടം മുൻ വർഷത്തെ 0.33 ശതമാനത്തിൽ നിന്നും 0.17 ശതമാനമായി മെച്ചപ്പെട്ടു. പ്രൊവിഷൻ കവറേജ് അനുപാതം 73.04 ശതമാനത്തിൽ നിന്ന് 75.36 ശതമാനമായി മെച്ചപ്പെട്ടു. അറ്റ പലിശ മാർജിൻ മുൻ വർഷത്തെ 3.84 ശതമാനത്തിൽ നിന്ന് ജൂൺ 2026-ൽ 4.29 ശതമാനമായി ഉയർന്നു.
മൂലധന പര്യാപ്തത അനുപാതം മുൻ വർഷത്തെ 31.55 ശതമാനത്തിൽ നിന്ന് 32.33 ശതമാനമായി മെച്ചപ്പെട്ടു. അറ്റ ആസ്തി 9,328 കോടി രൂപയിൽ നിന്ന് 13.23 ശതമാനം വർദ്ധിച്ച് 10,562 കോടി രൂപയിലെത്തി. ഓഹരിയുടെ യഥാർത്ഥ മൂല്യം 589.09 രൂപയിൽ നിന്ന് 667.00 രൂപയായി വർദ്ധിച്ചു. ആസ്തികളുടെ ശരാശരി ആദായം 1.82 ശതമാനത്തിൽ നിന്ന് 2.14 ശതമാനമായി ഉയർന്നു. ഓഹരി നിക്ഷേപത്തിനുള്ള ആദായം 13.30 ശതമാനത്തിൽ നിന്ന് 15.93 ശതമാനമായി വർദ്ധിച്ചു.
2027 സാമ്പത്തിക വർഷത്തിന്റെ മികച്ച തുടക്കമാണിതെന്ന് ടിഎംബി എംഡി & സിഇഒ സാലി എസ്. നായർ പറഞ്ഞു. ബിസിനസ്സ് വളർച്ചയ്ക്കൊപ്പം സ്ഥിരതയാർന്ന ആസ്തി ഗുണനിലവാരം നിലനിർത്താൻ ബാങ്കിനായി. കാലവർഷം മെച്ചപ്പെടുന്നത് ഗ്രാമീണ സാമ്പത്തിക മേഖലയെയും വായ്പാ ഡിമാൻഡിനെയും സഹായിക്കുമെന്നാണ് പ്രതീക്ഷ. സാങ്കേതികവിദ്യയിലും ഡിജിറ്റൽ സൗകര്യങ്ങളിലും കൂടുതൽ നിക്ഷേപം നടത്തി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും റീട്ടെയിൽ, എംഎസ്എംഇ, അഗ്രി വിഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബാങ്ക് 6 പുതിയ ശാഖകളും ഒരു റീജിയണൽ ഓഫീസും തുറന്നു. 104 വർഷത്തെ ചരിത്രമുള്ള ടിഎംബിക്ക് നിലവിൽ ഇന്ത്യയിലുടനീളമായി 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 628 ശാഖകളും 13 റീജിയണൽ ഓഫീസുകളുമുണ്ട്. 53 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ബാങ്ക് സേവനം നൽകുന്നു.




