തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതിയിലെ ടാറ്റ കപ്പൽശാലാ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത്. പദ്ധതി സംബന്ധിച്ച ധാരണ മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചതാണെന്ന് രേഖകളിൽ വ്യക്തമാകുന്നു.
2025-ലെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലാണ് ടാറ്റ ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചത്. അന്നത്തെ വ്യവസായ മന്ത്രി പി. രാജീവ് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പദ്ധതി മുന്നോട്ടുപോയതെന്നാണ് വിവരം.
കൊച്ചിയിൽ ടാറ്റയുടെ ആർട്സൺ എൻജിനിയറിങ് കമ്പനി വഴി കപ്പൽശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി 500 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതും മലബാർ സിമന്റ്സ് ലീസിനെടുത്തിരിക്കുന്നതുമായ 6.98 ഏക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചത്.
ആദ്യഘട്ടത്തിൽ 100 ടണ്ണിൽ താഴെ ഭാരമുള്ള ബോട്ടുകളുടെ നിർമാണവും പിന്നീട് വലിയ കപ്പലുകളുടെ നിർമാണവുമായിരുന്നു ലക്ഷ്യം. 2025 ഫെബ്രുവരി 21, 22 തീയതികളിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലാണ് ധാരണാപത്രം ഒപ്പിട്ടത്.
അതേസമയം, ടാറ്റ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെ തുടർന്ന് വിവാദമുണ്ടായി. ഇത്രയും വലിയ തുകയുടെ കപ്പൽശാലാ നിക്ഷേപം തങ്ങളുടെ പദ്ധതിയിൽ ഇല്ലെന്ന് ടാറ്റയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി.
സംസ്ഥാനത്തേക്ക് വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും എത്താൻ സാധ്യതയുള്ള ആകെ നിക്ഷേപ തുകയാണ് 10,000 കോടി രൂപയായി സൂചിപ്പിച്ചതെന്നും, ഒരു സ്ഥാപനവുമായി മാത്രം ഇത്രയും തുകയുടെ കരാർ ഉറപ്പിച്ചെന്നല്ല അതിന്റെ അർഥമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പദ്ധതിക്കായി ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ് 2025 ഫെബ്രുവരി 19-നാണ് പുറത്തിറങ്ങിയത്. 2024 ഡിസംബറിൽ അന്നത്തെ വ്യവസായ മന്ത്രി പി. രാജീവ് മുംബൈയിലെത്തി ടാറ്റ ഗ്രൂപ്പ് ചെയർമാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പദ്ധതിക്ക് തുടക്കമായതെന്നും രേഖകൾ വ്യക്തമാക്കുന്നു.


