തിരുവനന്തപുരം:മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീമിനെയാണ് (52) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയെ ഭയന്ന് കുട്ടി മദ്രസയിൽ പോകാൻ മടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇക്കാര്യം അറിയാതിരുന്ന വീട്ടുകാർ കുട്ടിയെ മദ്രസയിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മദ്രസയിൽനിന്ന് കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി രക്ഷിതാക്കളോട് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. രക്ഷിതാക്കൾ ഉടൻ വട്ടപ്പാറ പൊലീസിൽ പരാതി നൽകുകയായിരുന്നു.
നജീം നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നതായും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.




