മടിക്കേരി: കുടക് ജില്ലയിലെ തടിയൻഡമോൾ മലനിരകളിൽ മലയാളി യുവതി ശരണ്യ കാണാതായ സംഭവത്തെ തുടർന്ന് സോളോ ട്രെക്കിംഗിന് കർണാടക വനംവകുപ്പ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ട്രെക്കിംഗ് പാത ഏപ്രിൽ 11 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
നാലുദിവസങ്ങൾക്ക് ശേഷം ശരണ്യയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും വനമേഖലയിലെ അപകടസാധ്യതകൾ പരിഗണിച്ചാണ് നടപടി. ട്രെക്കിംഗ് പാതകളിൽ വ്യക്തമായ അടയാളങ്ങൾ സ്ഥാപിക്കുകയും സുരക്ഷാ പ്രോട്ടോക്കോളുകൾ പുതുക്കുകയും ചെയ്യുമെന്ന് മടിക്കേരി ഡി.സി.എഫ് അഭിഷേക് വ്യക്തമാക്കി.
കുമാരപർവ്വതം പോലുള്ള മറ്റ് പ്രധാന ട്രെക്കിംഗ് പാതകളിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണ്. പരിചയസമ്പന്നരായാലും പരിചിതമല്ലാത്ത വനപാതകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യാത്രയ്ക്ക് മുമ്പ് റൂട്ടുകൾ വിശദമായി പഠിക്കാനും വിക്കിലോക്ക്, മാപ്‌സ് മീ, സ്ട്രാവ പോലുള്ള ആപ്പുകൾ ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഫ്ലാഷ്‌ലൈറ്റ്, വിസിൽ, പോർട്ടബിൾ ചാർജർ, പ്രഥമ ശുശ്രൂഷാ കിറ്റ്, ആവശ്യമായ ഭക്ഷണവും വെള്ളവും കരുതണമെന്നും അധികൃതർ അറിയിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിന് ‘കെഎ 12 മൈൽസ്’ ട്രെക്കിംഗ് ഗ്രൂപ്പും വനംവകുപ്പിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ തടിയൻഡമോൾ വീണ്ടും സഞ്ചാരികൾക്ക് തുറന്ന് നൽകുകയുള്ളു.




