ലഖ്നൗ: ലഖ്നൗ റെയിൽവേ സ്റ്റേഷനെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വലിയ ഭീകരാക്രമണ പദ്ധതി ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) തകർത്തു. പാകിസ്താനിൽ ആസ്ഥാനമായ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള നാലുപേരെ പൊലീസ് ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം ഭീതിയും അട്ടിമറിയും സൃഷ്ടിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
ടെലഗ്രാം, സിഗ്‌നൽ, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പാകിസ്താനിലെ ഹാൻഡ്ലർമാരുമായി സംഘം ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നുവെന്നാണ് എടിഎസിന്റെ കണ്ടെത്തൽ. റെയിൽവേ ട്രാക്കുകൾ, സിഗ്നൽ സംവിധാനങ്ങൾ, മറ്റ് റെയിൽവേ ആസ്തികൾ എന്നിവ ലക്ഷ്യമിട്ട് സ്‌ഫോടനവും തീവെപ്പും നടത്താൻ ഏപ്രിൽ 2-ന് പദ്ധതി തയ്യാറാക്കിയിരുന്നു.
സാഖിബ് (ഡെവിൾ), വികാസ് ഗെഹ്ലാവത് (റൗണക്), പാപ്ല പണ്ഡിറ്റ്, സഞ്ജു (ലോകേഷ്), അർബാബ് എന്നിവരാണ് അറസ്റ്റിലായവർ. മീററ്റ് സ്വദേശിയായ സാഖിബാണ് സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് വ്യക്തമാക്കി.

റെയിൽവേ സിഗ്നൽ ബോക്‌സുകൾ, പ്രധാന സ്ഥാപനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്തി രാജ്യത്ത് സാമ്പത്തിക നാശവും പരിഭ്രാന്തിയും സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം. ഗൂഗിൾ ലൊക്കേഷൻ കോർഡിനേറ്റുകൾ ഉപയോഗിച്ചാണ് ആക്രമണ സ്ഥലങ്ങൾ കണ്ടെത്തിയിരുന്നത്.
മുമ്പ് നടത്തിയ ചില ചെറിയ തീവെപ്പ് സംഭവങ്ങളുടെ ദൃശ്യങ്ങൾ പാകിസ്താൻ ഹാൻഡ്ലർമാർക്ക് അയച്ച് നൽകിയതായും, അതിന് പ്രതിഫലമായി ക്യുആർ കോഡുകൾ വഴി പണം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രതികളിൽ നിന്ന് ഏഴ് സ്മാർട്ട്‌ഫോണുകൾ, ജ്വലനശേഷിയുള്ള ദ്രാവകമുള്ള കാൻ, 24 ലഘുലേഖകൾ, ആധാർ കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഭാരതീയ ന്യായ സംഹിതയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.




