വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇറാഖ് സ്വദേശിയെ അമേരിക്ക അറസ്റ്റ് ചെയ്തു. 32 വയസുകാരനായ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദിയെയാണ് പിടികൂടിയത്.
ഇയാൾക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഖതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നും അമേരിക്കൻ അധികൃതർ അറിയിച്ചു. ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനായ അൽ-സാദി ടെഹ്‌റാനിൽ വെച്ചാണ് പരിശീലനം നേടിയതെന്നാണ് റിപ്പോർട്ട്.
ഫ്ളോറിഡയിൽ താമസിക്കുന്ന ഇവാങ്ക ട്രംപിന്റെയും ഭർത്താവ് ജാരെഡ് കുഷ്നറിന്റെയും വീടിന്റെ ബ്ലൂപ്രിന്റ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. ഇവരുടെ വീടിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഭീഷണിപ്പെടുത്തിയതായും അന്വേഷണസംഘം പറയുന്നു.
2020ൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുലൈമാനിയെ അൽ-സാദി പിതൃതുല്യനായി കണ്ടിരുന്നുവെന്നും പറയുന്നു.
2026 മേയ് 15ന് തുർക്കിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് അമേരിക്കയ്ക്ക് കൈമാറി. ഇപ്പോൾ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കർശന സുരക്ഷയിൽ കഴിയുകയാണ്. ഇവാങ്ക ട്രംപിനെതിരായ ഗൂഢാലോചനയ്ക്ക് പുറമെ യൂറോപ്പിലും അമേരിക്കയിലുമായി നടന്ന നിരവധി ആക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് ആരോപിച്ചു. ആംസ്റ്റർഡാം, ലണ്ടൻ, ടൊറന്റോ എന്നിവിടങ്ങളിലെ ആക്രമണങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.






