കൊച്ചി: എറണാകുളം എളമക്കരയിൽ ഭവൻസ് സ്കൂളിന് സമീപം പ്ലസ് വൺ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ കടന്നുകളഞ്ഞു. കുട്ടി രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് കരളിൽ രക്തസ്രാവമുണ്ടായി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കറുത്ത നിറത്തിലുള്ള കാറാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. എന്നാൽ വാഹനത്തിന്റെ നമ്പർ വ്യക്തമായിട്ടില്ല.
അപകടം ഉണ്ടാക്കിയ ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറാകാതെ ഡ്രൈവർ സ്ഥലം വിട്ടതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










