കോഴിക്കോട് : രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്ന, കുട്ടികളെ അതിലേറെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശിശുദിനം ആഘോഷിക്കുന്നത്.
ഇന്ത്യയിലെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യവും ശിശുദിനാചരണത്തിനുണ്ട്.
ശിശുദിനത്തിന്റെ ചരിത്രം നെഹ്റുവിന് മുമ്പ് തന്നെ ആരംഭിച്ചതാണ്. 1857-ൽ ‘റോസ് ഡേ’ എന്ന പേരിൽ കുട്ടികൾക്കായുള്ള ദിനാചരണം ജൂൺ രണ്ട് ഞായറാഴ്ച ആചരിച്ചിരുന്നു. തുടർന്ന്, 1950 മുതൽ നിരവധി രാജ്യങ്ങൾ കുട്ടികളുടെ സംരക്ഷണ ലക്ഷ്യത്തോടെ ജൂൺ ഒന്നിനെ ശിശുദിനമായി പ്രഖ്യാപിച്ചു. 1954 മുതൽ ലോകം നവംബർ 20-നെ സർവദേശീയ ശിശുദിനമായി ആഘോഷിക്കാൻ തുടങ്ങി. ഇന്ത്യയും 1956 മുതൽ ഇതിൽ പങ്കാളിയായി. എന്നാൽ, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സ്മരിച്ച്, 1965 മുതൽ നവംബർ 14-ാം തീയതി ദേശീയ ശിശുദിനമായി ആചരിക്കപ്പെടുന്നു.
കുട്ടികളെ “ഒരു പൂന്തോട്ടത്തിലെ മൊട്ടുകൾ” എന്നാണ് നെഹ്റു വിശേഷിപ്പിച്ചിരുന്നത്. സമൂഹത്തിന്റെ അടിത്തറയും രാജ്യത്തിന്റെ ഭാവിയുമാണ് അവർ എന്ന് അദ്ദേഹം പതിവായി ഓർമ്മിപ്പിച്ചിരുന്നു. എല്ലാ കുട്ടികൾക്കും തുല്യസ്നേഹവും അവസരങ്ങളും ലഭിക്കണം എന്ന നിലപാട് ശക്തിയായി വഹിച്ച നേതാവായ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14, ഒരു ആഘോഷദിനം മാത്രമല്ല കുട്ടികളുടെ അവകാശങ്ങൾ, അവരുടെ സ്വപ്നങ്ങൾ, സുരക്ഷ, മാന്യത, സമൂഹത്തിലെ പങ്ക് എന്നിവയെ കുറിച്ച് നമ്മെ വീണ്ടും ചിന്തിപ്പിക്കുന്ന ദിവസമായിരിക്കണം. കുട്ടികൾക്ക് അവകാശബോധം വളർത്താനും, ഭാവി സമൂഹനിർണമാകളായി വളരാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കാനും സമൂഹത്തിലെ ഓരോരുത്തരും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ദിനം കൂടിയാണിത് എന്നും ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.






