Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചുരുളി സൃഷ്ടിച്ച സാംസ്‌കാരിക ചുഴികള്‍ -അഡ്വ. ചാര്‍ളി പോള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയെ ആധാരമാക്കി എസ്.ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിര്‍വഹിച്ച് 2021 നവംബര്‍ 19ന് ഒ.ടി.ടി യില്‍ റിലീസ് ചെയ്ത ചുരുളി എന്ന സിനിമ വീണ്ടും വിവാദമാവുകയാണ്. ചിത്രത്തില്‍ തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ജോജു ജോര്‍ജ് ‘ചുരുളി ‘ തന്റെ ജീവിതത്തില്‍ ഏല്‍പ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോളുകള്‍ പറഞ്ഞ് മറ്റുള്ളവര്‍ മക്കളെ കളിയാക്കുന്നുവെന്നും പറഞ്ഞു.

ചുരുളിയിലെ ജോജുവിന്റെ കഥാപാത്രം പറയുന്ന തെറികള്‍ മക്കളെ അവരുടെ സഹപാഠികള്‍ കാണിച്ചിരുന്നു. അത് കണ്ട് മക്കള്‍ക്ക് തല കുനിക്കേണ്ടി വന്നു. അപ്പ ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മക്കള്‍ ജോജുവിനോട് പറഞ്ഞു. വൈകിയെങ്കിലും ഈ തിരിച്ചറിവ് ജോജുവിനെങ്കിലും ഉണ്ടായത് നന്നായി.

അനിയന്ത്രിതമായി അസഭ്യ വാക്കുകള്‍ ഉപയോഗിക്കുന്ന ‘ചുരുളി ‘ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കണമെന്ന ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെയുളള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച സന്ദര്‍ഭത്തില്‍ കേരള ഹൈക്കോടതി ചുരുളിയിലെ ഭാഷാപ്രയോഗങ്ങള്‍ ഭീകരമാണെന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ കോടതി നേരില്‍ കണ്ടിരുന്നു.സിനിമ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന കലാമാധ്യമം ആയതിനാല്‍ ഈ സിനിമ തിയേറ്ററില്‍ നിന്ന് നീക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം . ഒ.ടി .ടി യില്‍ റിലീസ് ചെയ്തത് സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് ‘സെന്‍സര്‍ ബോര്‍ഡ് അന്ന് വിശദീകരിച്ചിരുന്നു. അഭിഭാഷകയായ തൃശ്ശൂര്‍ സ്വദേശി ഫയല്‍ ചെയ്ത ഹര്‍ജി ജസ്റ്റീസ് എന്‍ . നഗരേഷ് ആണ് പരിഗണിച്ചത്.

ചിത്രത്തില്‍ ഉടനീളം ഉപയോഗിച്ചിട്ടുള്ള അസഭ്യ വാക്കുകളിലൂടെ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതായി ഹര്‍ജിക്കാരി ആരോപിച്ചിരുന്നു . ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സിനിമ കാണുന്നതിന് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും തടസ്സമില്ല. ഒരു ഇന്ത്യന്‍ – മലയാള ഭാഷാ സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ സിനിമ എന്നായിരുന്നു ചിത്രത്തിന്റെ വിശേഷണം.

മയിലാടുംപറമ്പില്‍ ജോയി എന്ന പിടികിട്ടാപ്പുള്ളിയെ തേടി ചുരുളിയില്‍ കൂലിപ്പണിക്കാരുടെ വേഷത്തില്‍ എത്തുന്ന രഹസ്യ പോലീസുകാരായ ആന്റണിയും ഷാജി വനും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കുറ്റവാളികള്‍ ആയിരുന്നവരുടെ ലോകമാണ് ചുരുളി. ചോദിക്കാനും പറയാനും ആരുമില്ലാത്ത ലോകം. നിയമവ്യവസ്ഥയ്ക്ക് അപ്പുറമാണ് ഈ ലോകം. ചുരുളിക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗരാജ്യം. ലൈംഗിക ച്ചുവയുള്ള അധമപ്രയോഗങ്ങളും അസഭ്യ പ്രയോഗങ്ങളും സാധാരണീകരിക്കപ്പെടുന്ന ഒരിടം.

സിനിമയുടെ നിര്‍മ്മിതിയില്‍ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്‌കൃത വസ്തുവാണ് തെറി ഭാഷ. അത് ഭീകരം മാത്രമല്ല കേട്ടാല്‍ അറയ്ക്കുന്ന വഷളന്‍ പ്രയോഗങ്ങള്‍ കൂടിയാണ്. വാറ്റു ചാരായത്തോടൊപ്പം അനായാസം വാര്‍ന്നു വീഴുകയാണ് വഷളന്‍ ഭാഷ. തെറി പ്രയോഗങ്ങളില്‍ ലിംഗ പദവി തുല്യത കാണാനാകും. ശരീരത്തിലെ ലൈംഗിക അവയങ്ങളെയും ലൈംഗികബന്ധങ്ങളെയും തെറിക്കായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീയെ പുരുഷന്റെ ലൈംഗിക കാമനയ്ക്കുള്ള വസ്തുവായി കണക്കാക്കുന്ന തെറി പരാമര്‍ശങ്ങളുമുണ്ട്.

നീതി വ്യവസ്ഥകളെ പരിഹസിച്ച് അപരലോകം സൃഷ്ടിക്കുകയും അധമ ഭാഷയെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. നീതിന്യായ വ്യവസ്ഥകളുടെ അഭാവത്തിലും പരിഷ്‌കൃത സംവിധാനങ്ങളുടെ അപര്യാപ്തതയിലും സ്വര്‍ഗ്ഗരാജ്യത്തിലാണ് തങ്ങള്‍ എന്ന് വിശ്വസിക്കുന്ന ചുരുളിയിലെ മനുഷ്യര്‍ തികച്ചും സാങ്കല്പിക സമൂഹമാണ്. അവര്‍ ഏതെങ്കിലും ജാതിയെയോ സമുദായത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. തെറി ഭാഷയുടെ കര്‍തൃത്വം സംവിധായകന്‍ ആരുടെയും തലയില്‍ കെട്ടിവയ്ക്കുന്നുമില്ല . തെറി പരിശീലനം ലക്ഷ്യം വയ്ക്കുന്നുമില്ല .പക്ഷേ ഇത്തരം സിനിമ പൊതുസമൂഹത്തില്‍ സാംസ്‌കാരിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.

സിനിമ കല എന്നതിനോടൊപ്പം ഒരു സാംസ്‌കാരിക ഉല്‍പ്പന്നം കൂടിയാണ്. സിനിമയുടെ ചിത്രീകരണം, സ്വഭാവം ,വര്‍ണ്ണ സൂചനകള്‍, പശ്ചാത്തല സംഗീതം, ഭാഷ ,താര നിര്‍ണയം തുടങ്ങി സിനിമയെ രൂപപ്പെടുത്തുന്ന ഘടകങ്ങളിലെല്ലാം സംസ്‌കാരം പ്രതിഫലിക്കുന്നുണ്ട്. അതിനാല്‍ സാംസ്‌കാരിക വ്യവഹാരങ്ങളെ പരിഗണിച്ചുകൊണ്ട് മാത്രമേ സിനിമയെ വിലയിരുത്താനാവു.സഭ്യമേത് സഭ്യേതരമേത് എന്ന വരമ്പുകള്‍ നിര്‍ണയിക്കേണ്ടതും അത് പാലിക്കേണ്ടതുമാണ്. പ്രത്യേകിച്ചും കുടുംബസമേതം ഒ.ടി.ടി യില്‍ ചിത്രം കാണേണ്ടി വരുമ്പോള്‍. അധമമെന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള ഭാഷണങ്ങള്‍ക്ക് പ്രയോഗസാധുത ലഭിക്കും വിധം അവയെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് അക്ഷന്തവ്യമായ അപരാധമാണ്. ചുരുളി ഒരു സാംസ്‌കാരിക ചുഴിയാണ് സൃഷ്ടിച്ചത്. അത് പൊതുസമൂഹത്തെ മലിനമാക്കി .വാക്കുകളിലൂടെ വിസര്‍ജ്യം വര്‍ഷിക്കുകയായിരുന്നു ചുരുളി എന്ന സിനിമ.

‘ധിക്കാരിയുടെ കാതല്‍ ‘എന്ന പുസ്തകത്തിലെ ‘രാഷ്ട്രീയ പ്രവര്‍ത്തനവും ആഭാസ സാഹിത്യവും ‘ എന്ന പ്രബന്ധത്തില്‍ സി.ജെ .തോമസ് എഴുതി , ‘അശക്തി ബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ് തെറി പറയല്‍ ‘ . തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും. ( താനിപ്പോള്‍ തെറി ചുമന്ന് നടക്കുകയാണെന്ന് നടന്‍ ജോജു അഭിമുഖത്തില്‍ പറഞ്ഞിരുന്നു).ഭാഷാപ്രയോഗങ്ങള്‍ തെറിയായി മാറുന്നത് അശക്തി ബോധത്തില്‍ നിന്നാണെന്ന് ആറു പതിറ്റാണ്ടുമുമ്പ് സി.ജെ. തോമസ് എഴുതിയതിന് ഇന്നും പ്രസക്തിയുണ്ട്. ഗ്രാമ്യഭാഷ ,നാടന്‍ ശൈലി , വാമൊഴി വഴക്കം, വന്യ സാഹചര്യ ഭാഷ എന്നൊക്കെ പറഞ്ഞു ഇത്തരം ആഭാസങ്ങളെ ന്യായീകരിക്കരുത്. മര്യാദയും ആദരവുമില്ലാത്ത ഈ അധമ ഭാഷണങ്ങള്‍ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്. കേരള സംസ്‌കാരത്തിന്റെ മരണ മണിയാണ് ഇവിടെ മുഴങ്ങി യത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വിടുവായത്തവുംഅശ്ലീലവും ആഭാസത്തരങ്ങളും തെറിയും ഒരു കലയില്‍ പ്രയോഗിക്കുമ്പോള്‍ അതിര്‍വരമ്പുകള്‍ ഉണ്ടാകണം. ‘സംസ്‌കാരം ‘ എന്ന വാക്കിനര്‍ത്ഥം ‘അപരനെക്കുറിച്ചുള്ള കരുതല്‍’ എന്നാണ്. പൊതുസമൂഹത്തെ കുറിച്ചുള്ള ഒരു കരുതല്‍ ഇതിന്റെ സൃഷ്ടികര്‍ത്താക്കകള്‍ക്ക് ഇല്ലാതെ പോയിട്ടുണ്ട്. അതാണ് വീണ്ടും സമൂഹത്തില്‍ തിരിച്ചടികള്‍ സമ്മാനിക്കുന്നത്. തെറി ചുമന്ന് നടക്കേണ്ട സാഹചര്യമൊരുക്കുന്നത്.

(അഭിഭാഷകനും ട്രെയ്‌നറും മെന്ററും സാമൂഹിക നിരീക്ഷകനുമാണ് ലേഖകന്‍)


Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer