മധ്യപ്രദേശ്: മരിച്ചതായി പൊലീസ് പ്രഖ്യാപിച്ച യുവതി ഒരു മാസത്തിന് ശേഷം ജീവനോടെ സ്റ്റേഷനില്‍ ഹാജരായി. ശിവാനി കല്‍മേക്കര്‍ എന്ന യുവതിയാണ് ജല്‍ഗാവ്-ജാമോദ് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയത്.
ഏപ്രിലില്‍ ഖക്നാര്‍ മേഖലയിലെ ഖഡ്കി ഗ്രാമത്തില്‍ നിന്നാണ് ശിവാനിയെയും 24കാരനായ അരുണ്‍ ദാദു കല്‍മേക്കറിനെയും കാണാതായതായി പരാതി ലഭിച്ചത്. തുടര്‍ന്ന് രജുര അണക്കെട്ടിന് സമീപം കണ്ടെത്തിയ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം ശിവാനിയുടേതാണെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ശിവാനിയുടെ പിതാവ് ബാപുരം കല്‍മേക്കര്‍, സഹോദരന്‍ അജയ് കല്‍മേക്കര്‍ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ശിവാനിയും അരുണും ജീവനോടെ നാസിക്കിന് സമീപം താമസിക്കുന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഡിഎന്‍എ പരിശോധന പോലും നടത്താതെ മൃതദേഹം തിരിച്ചറിഞ്ഞതും അറസ്റ്റ് നടപടികളും വലിയ വിവാദമായി. സംഭവത്തില്‍ പൊലീസ് നടപടിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം രേഖപ്പെടുത്തി.
സ്റ്റേഷനിലെത്തിയ ശിവാനി “ഞാന്‍ ജീവനോടെയുണ്ട്, എന്റെ അച്ഛനെയും സഹോദരനെയും വിട്ടയക്കണം” എന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.






