തിരുവനന്തപുരം: സ്വർണവില വീണ്ടും ഉയർച്ച. ഇറാൻ– അമേരിക്ക ബന്ധത്തിൽ വെടിനിർത്തൽ സാധ്യതകളുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ മാറ്റങ്ങൾ സംഭവിച്ചതാണ് വില ഉയരാൻ കാരണമെന്ന് വിലയിരുത്തുന്നു. ഇന്നലെ വലിയ ഇടിവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് രാജ്യാന്തര സ്വർണവില ഔൺസിന് 4503 ഡോളറിലേക്കാണ് ഉയർന്നത്. ഒരു ഘട്ടത്തിൽ ഇത് 4520 ഡോളർ വരെ എത്തിയിരുന്നു.
കേരളത്തിൽ ഇന്ന് രാവിലെ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 145 രൂപ ഉയർന്ന് 14,450 രൂപയായി. പവന് 1160 രൂപ ഉയർന്ന് 1,15,600 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി ഉണ്ടായിരുന്ന ഇടിവിന് ശേഷമാണ് ഈ തിരിച്ചുകയറ്റം.18 കാരറ്റ് സ്വർണവിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 125 രൂപ ഉയർന്ന് 11,940 രൂപയിലെത്തി. അതേസമയം വെള്ളിവില ഗ്രാമിന് 5 രൂപ ഉയർന്ന് 280 രൂപയായി.
ക്രൂഡോയിൽ വിലയിൽ ഉണ്ടായ മാറ്റങ്ങളും ഡോളർ-ബോണ്ട് വിപണിയിലെ ഇടിവും സ്വർണവില ഉയരാൻ കാരണമായതായി വിദഗ്ധർ പറയുന്നു. പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ ശാന്തമായാൽ എണ്ണവില കുറയാനും, പണപ്പെരുപ്പ ഭീഷണി കുറയാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാൽ വെടിനിർത്തൽ ശ്രമങ്ങൾ പരാജയപ്പെട്ടാൽ എണ്ണവില വീണ്ടും ഉയരാനും, ഡോളർ ശക്തിയാർജ്ജിക്കാനും, സ്വർണവിലയിൽ വീണ്ടും മാറ്റങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






